തിരുവനന്തപുരം: മുപ്പതു വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മണിയാര്‍ ജലവൈദ്യുത പ്രോജക്ട് കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് വൈദ്യുത ബോര്‍ഡിന് കൈമാറുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. മണിയാര്‍ പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15 നു നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല രണ്ടാമതും കത്തു നല്‍കിയിരിക്കുന്നത്.
വൈദ്യുതോല്‍പാദനവുമായി ബന്ധപ്പെട്ട് നിരവധി തവണ കരാര്‍ ലംഘനം നടത്തിയ കാര്‍ബൊറാണ്ടത്തിന് മണിയാര്‍ കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കുന്നത്നിയമവിരുദ്ധമാണെന്നും കരാര്‍ കാലാവധി കഴിഞ്ഞ ശേഷവും കാര്‍ബോറാണ്ടം കമ്പനി വൈദ്യുതി ഉല്‍പാദിപ്പിച്ചു ഉപയോഗിക്കുന്നതു വഴി സര്‍ക്കാരിന് കനത്ത വരുമാനനഷ്ടമാണുണ്ടാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ബൊറാണ്ടത്തിന് കരാര്‍ നീട്ടിക്കൊടുക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയാണ്. സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കളോട് കടുത്ത ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി എത്രയും പെട്ടെന്ന് പദ്ധതി തിരിച്ചെടുത്തു വൈദ്യുത ബോര്‍ഡിന് കൈമാറണമെന്നു കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.