ഗവർണറുടെ യാത്രയ്ക്കായി ചെലവഴിച്ചത് ബജറ്റില്‍ മാറ്റിവെച്ചതിനേക്കാള്‍ 20 ഇരട്ടി അധികം; രാജ്ഭവന്‍ രഹസ്യമാക്കിവെച്ച യാത്രാവിവരം പുറത്തുവിട്ട് സർക്കാർ

Jaihind Webdesk
Tuesday, January 30, 2024

 

തിരുവനന്തപുരം: രാജ്ഭവൻ മറച്ചുവെച്ച ഗവർണറുടെ യാത്രാരേഖകൾ പുറത്തുവിട്ട് സർക്കാർ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നു. ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റിവെച്ചതിന്‍റെ 20 ഇരട്ടി വരെ
യാണ് സർക്കാർ നൽകേണ്ടി വന്നതെന്ന കണക്കുകളാണ് പുറത്തുവന്നത്.

പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത വിവരങ്ങളാണ് ഒടുവിൽ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. 2021 ജൂലൈ 29 മുതൽ ഈ മാസം 1 വരെയുള്ള കണക്കുകളാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റത്. ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

ഗവർണറുടെ പതിവായുള്ള യാത്രകൾക്കെതിരെ അടുത്തിടെ മന്ത്രിമാർ രംഗത്തു വന്നിരുന്നു. ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റിവെച്ചതിന്‍റെ 20 ഇരട്ടി വരെ സർക്കാർ നൽകേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഗവർണറുടെ മിക്ക യാത്രകളും ഡൽഹി വഴിയും മംഗളുരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം ഗവർണർ യാത്ര ചെയ്തു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര ചെയ്തിട്ടുണ്ട്.

ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് പൊതുഭരണവകുപ്പ് പുറത്തുവിട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ഗവർണറുടെ യാത്രയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നത് വലിയ വിമർശനമുയർത്തിയിരുന്നു. എന്നാൽ രാജ്ഭവൻ യാത്രാരേഖകൾ പുറത്തുവിടാൻ തയാറായിരുന്നില്ല. സർക്കാർ-ഗവർണർ പോര് പുതിയ തലങ്ങളിലേക്ക് നീങ്ങിയതോടെയാണ് പൊതുഭരണവകുപ്പ് യാത്രാ രേഖകൾ പുറത്തുവിട്ടത്.