സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണമെന്നും നിര്‍ദേശം

Jaihind News Bureau
Sunday, June 7, 2020

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണമെന്നും എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം/സെറിബ്രല്‍ പാള്‍സി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുകയും അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കില്ല.

പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍ വിവിധ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.