റീബില്‍ഡ് കേരള: 1000 കോടിയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ സര്‍ക്കാര്‍

Jaihind News Bureau
Thursday, April 2, 2020

 

തിരുവനന്തപുരം:  2018ല്‍  പ്രഖ്യാപിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലെ ഒരു രൂപ പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍. കേരളം പുന: സൃഷ്ടിക്കാനായി ചൊവ്വാഴ്ച അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതിന് തടസ്സമായിരിക്കുന്നത്.

പദ്ധതിയ്ക്കായി ലോകബാങ്കില്‍ നിന്നും ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും ഇതുവരെ ചെലവഴിക്കാനായിട്ടില്ല. പകരം ഈ തുക ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ചെലവിടുകയായിരുന്നു. 7 ദിവസത്തിനകം പദ്ധതിക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചാണ് ലോകബാങ്ക് പണം നല്‍കിയത്. അതേസമയം പണം വകമാറ്റി ചെലവഴിച്ചെങ്കിലും പദ്ധതികള്‍ നടപ്പാകുന്നമുറയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.