തൊഴിലാളികളുടെ ക്ഷേമനിധിയിലും കൈയിട്ട് വാരാന്‍ സർക്കാർ: സഹകരണ തൊഴിലാളി പെൻഷൻ ബോർഡിൽ നിന്ന് 1000 കോടി പിൻവലിക്കാൻ സർക്കാർ നീക്കം; പ്രതിഷേധം

Jaihind Webdesk
Wednesday, March 13, 2024

 

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ തൊഴിലാളി പെൻഷൻ ബോർഡിൽ നിന്ന് 1000 കോടി രൂപ പിൻവലിക്കാൻ സർക്കാർ നീക്കം. ബോർഡ് യോഗം ചേർന്നെങ്കിലും തീരുമാനം ആയില്ല . എന്നാല്‍ അഭിപ്രായ ഭിന്നത മറികടന്ന് മിനുട്‌സിൽ എഴുതിച്ചേർത്ത് എടുക്കാനാണ് സർക്കാർ നീക്കം. ഇതിനെതിരെ ബോർഡ് അംഗങ്ങളും തൊഴിലാളികളും പ്രതിഷേധത്തിലാണ്.

സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഉയർത്തിക്കാട്ടിയാണ് നീക്കം. തൊഴിലാളി ക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്ന തുകയില്‍ നിന്ന് ഭീമമായ ഒരു തുക കവർന്നെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍  ബോർഡ് അംഗങ്ങളുടെ എതിർപ്പും തൊഴിലാളികളുടെ പ്രതിഷേധവും കണക്കിലെടുക്കാതെ മിനുട്സില്‍ എഴുതിച്ചേർത്ത് 1000 കോടി ഖജനാവിലേക്ക് എത്തിക്കാണ് സർക്കാർ ശ്രമം. തൊഴിലാളികളുടെ ക്ഷേമനിധിയിലെ തുക പിന്‍വലിക്കാന്‍ സർക്കാരിന് ധാർമ്മിക അവകാശമില്ലെന്നിരിക്കെയാണ് വിവാദ നീക്കം.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് 5,000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് 5000 കോടി നല്‍കാന്‍ സമ്മതിക്കുന്നതെന്നും വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചിരുന്നു. 21-ന് കേസിൽ വിശദമായ വാദം കേൾക്കും. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാന്‍ സർക്കാർ തയാറാകുന്നില്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം.