ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാഇളവിന് സർക്കാർ നീക്കം; പ്രതിപക്ഷം അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിക്കും

Jaihind Webdesk
Tuesday, June 25, 2024

 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നടത്തിയ നീക്കം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കും.സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി വിഷയം സഭയിൽ ഉന്നയിക്കും. കെ.കെ. രമ എംഎൽഎയാണ് ഉപക്ഷേപത്തിന് നോട്ടീസ് നൽകുക. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടും കുറ്റവാളികളായ ടി.കെ. രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം നടത്തിയത്. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് റിപ്പോർട്ട് തേടി നൽകിയ കത്ത് പുറത്തുവന്നത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഹൈക്കോടതി വിധി മറികടന്ന് സർക്കാർ നടത്തിയ
ഗൂഢനീക്കത്തിൽ മുഖ്യമന്ത്രിക്ക് സഭയിൽ മറുപടി പറയേണ്ടി വരും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ നടക്കും.