
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാര്‍ ശക്തമായ നിയന്ത്രണവും സമ്മര്‍ദ്ദവും ചെലുത്തിയെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഈ കേസിന്റെ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പാര്‍ട്ടിയും തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ചെറിയൊരു അച്ചടക്ക നടപടി പോലും എടുക്കാന്‍ സി.പി.എം തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്കോ സി.പി.എം സംസ്ഥാന സെക്രട്ടറിക്കോ ബാധകമല്ലെന്ന രീതിയിലാണ് ഭരണകൂടം പെരുമാറുന്നത്. അന്വേഷണ സംഘത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ സി.പി.എം ബോധപൂര്‍വ്വം തടസ്സപ്പെടുത്തുന്നു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി വെക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്താനുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അതില്‍ നടപടിയുണ്ടാകുന്നില്ല. ഭരണകൂടത്തിന്റെ നിയന്ത്രണം ഇല്ലാതായാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുകയുള്ളൂവെന്നും, എത്രയും വേഗം നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കണമെന്നും നിര്‍ഭയമായി ഉന്നതരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.