സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമയുടെ ഭര്‍ത്താവിന് സി–ഡിറ്റ് ഡയറക്ടറായി നിയമനം

വീണ്ടും ബന്ധു നിയമന വിവാദ കുരുക്കിൽ സർക്കാർ. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവും
ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കി.  സിഡിറ്റ് രജിസ്ട്രാർ തസ്തിതികയിൽ നിന്നും വിരമിച്ച ജയരാജിനെ സി ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സിഡിറ്റ് ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമനം.

ഹരിതകേരള മിഷന്‍  വൈസ് ചെയര്‍പേഴ്സണും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍  സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി  നിയമിച്ചിരിക്കുകയാണ് സർക്കാർ. ഒരുവർഷക്കാലയളവിലേക്കാണ് നിയമനം. ജയരാജിന്‍റെ പ്രവൃത്തി പരിചയവും, സ്ഥാപനത്തിന്‍റെ പ്രവർത്തിയിൻമേലുള്ള അവഗാഹവും പരിഗണിച്ചാണ്  നിയമനമെന്നാണ് സർക്കാർ വിശദീകരണം. ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു.

2016ൽ സിഡിറ്റിൽ രജിസ്ട്രാറായ ജയരാജ് 2019 ൽ വിരമിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ അഭ്യർത്ഥന പ്രകാരം മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. രജിസ്ട്രാർ ആയിരുന്നപ്പോൾ ഡയറക്ടറായി നിയമനം നേടുന്നതിന്, ജയരാജ് സി ഡിറ്റ് സർവീസ് റൂളിൽ മാറ്റം വരുത്തിയെന്ന് ആക്ഷേപമുണ്ട്.  ഇത് സൂചിപ്പിച്ച് സര്‍ക്കാരിന് ജീവനക്കാര്‍ പരാതിയും നല്‍കിയിരുന്നു. വിവിധ പ്രൊജക്ടുകളിൽ ജയരാജിനെതിരെ അഴിമതി ആരോപണം ഉയരുകയും ജീവനക്കാർ സി ഡിറ്റിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ജയരാജിനെ ഡയറക്ടറായി സർക്കാർ വീണ്ടും നിയമിച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമിക്കരുതെന്നായിരുന്നു സർക്കാർ അധികാരമേറ്റപ്പോൾ തീരുമാനിച്ചിരുന്നത്. ഇതിനെയെല്ലാം മറികടന്നാണ് സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾ.

Jayarajannepotism rowCDit
Comments (0)
Add Comment