കെഎസ്ആർടിസി യെ സർക്കാർ കയ്യൊഴിയുന്നു : ശമ്പളത്തിന്‍റെ ഉത്തരവാദിത്വം മാനേജ്‌മെന്‍റിനെന്ന് ഗതാഗതമന്ത്രി

Jaihind Webdesk
Saturday, May 14, 2022

തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി യെ സർക്കാർ കയ്യൊഴിയുന്നു. സമരം ചെയ്ത് പ്രതിസന്ധി സൃഷ്ടിച്ചവര്‍തന്നെ കെ.എസ്.ആര്‍.ടി.സി ശമ്പള കാര്യത്തിലും പരിഹാരമുണ്ടാക്കട്ടെയെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.  കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ തന്നെ സമരം ചെയ്ത് കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ജീവനക്കാർ ചെയ്തത്. സര്‍ക്കാരിന്‍റെ വാക്കിന് വില കല്‍പിക്കാതെ ഏകപക്ഷീയമായി സമരം ചെയ്ത യൂണിയനുകള്‍ പിന്നീട് പ്രശ്ന പരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കുന്നതില്‍ അര്‍ഥമില്ല. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടേയും കാര്യം അങ്ങനെയാണ്. അതത് മാനേജ്മെന്‍റുകളാണ് ശമ്പളം നല്‍കേണ്ടത്. കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുകയാണ് ചെയ്യുന്നത്.

നോട്ടീസ് നല്‍കി സമരം ചെയ്യാനുള്ള അവകാശം ജീവനക്കാര്‍ക്കുണ്ട്. പക്ഷെ സര്‍ക്കാരിനെ വിശ്വാസമില്ലാതെ അര്‍ധരാത്രിമുതല്‍ പണിമുടക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന സമരക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ലന്നും മന്ത്രി പറഞ്ഞു.പണിമുടക്കിയ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാവും. ജീവനക്കാരുടേത് ജനങ്ങള്‍ക്കെതിരായ നിലപാടാണ്. 29, 29 തീയതികളില്‍ പണിമുടക്കിയവരുടെ ശമ്പളം പിടിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു.