കൊലപാതകികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി ; ജനങ്ങൾക്ക് സർക്കാർ നൽകുന്ന സന്ദേശം എന്താണെന്ന് ഷിബു ബേബി ജോൺ

Jaihind Webdesk
Saturday, June 19, 2021

തിരുവനന്തപുരം : പെരിയ കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ഉന്നത നേതാക്കളുടെ ശുപാർശയോ സഹായമോ ഇല്ലാതെ ഇത് സാധിക്കില്ല എന്നത് ഏതൊരാൾക്കും മനസിലാകുന്ന കാര്യമാണ്. മുമ്പ് ചില സർക്കാരുകളുടെ കാലത്ത് പാർട്ടിക്കാർക്ക് വേണ്ടി ഇത്തരത്തിലുള്ള താൽക്കാലിക തസ്തികകളിലേക്ക് ശുപാർശകൾ നൽകിയിട്ടുണ്ടാകാം. എന്നാൽ ഒരു കൊലപാതക കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിലൂടെ സർക്കാർ ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്? എതിരാളികളെ കൊല്ലാൻ നിങ്ങൾ തയ്യാറായാൽ നിങ്ങളുടെ കുടുംബത്തെ ഞങ്ങൾ നോക്കിക്കോളാം എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ ഫാസിസമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പെരിയ കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയെന്ന വാർത്ത കാണുന്നു. ഉന്നത നേതാക്കളുടെ ശുപാർശയോ സഹായമോ ഇല്ലാതെ ഇത് സാധിക്കില്ല എന്നത് ഏതൊരാൾക്കും മനസിലാകുന്ന കാര്യമാണ്. മുമ്പ് ചില സർക്കാരുകളുടെ കാലത്ത് പാർട്ടിക്കാർക്ക് വേണ്ടി ഇത്തരത്തിലുള്ള താൽക്കാലിക തസ്തികകളിലേക്ക് ശുപാർശകൾ നൽകിയിട്ടുണ്ടാകാം. എന്നാൽ ഒരു കൊലപാതക കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിലൂടെ സർക്കാർ ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്?

‘നിങ്ങൾ എതിരാളികളെ കൊല്ലാൻ നിങ്ങൾ തയ്യാറായാൽ നിങ്ങളുടെ കുടുംബത്തെ ഞങ്ങൾ നോക്കിക്കോളാം’ എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ ഫാസിസമാണ്.
ജനങ്ങളോട് പ്രതിബദ്ധതയും ഭയവും ഉള്ളവരാകണം പൊതുപ്രവർത്തകർ. അതില്ലാത്തവരെയാണ് ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നത്.
കൊല്ലപ്പെട്ടവരോടാണ് സഹാനുഭൂതി വേണ്ടത്. കൊന്നവരോടല്ല. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല ഈ രാഷ്ട്രീയശൈലി.
ഭരിക്കുന്ന പാർട്ടി തന്നെ കൊലപാതകികൾക്ക് കുട പിടിക്കുമ്പോൾ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്നെങ്കിലും ഓർക്കണം. രണ്ടാമൂഴം ജനം നൽകുമ്പോൾ ആദ്യതവണ ഉണ്ടായ തെറ്റുകൾ കൂടി തിരുത്തി കൂടുതൽ മെച്ചപ്പെട്ട ഭരണം കാഴ്ച്ച വയ്ക്കാനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരി ശ്രമിക്കേണ്ടത്. അതല്ലാതെ തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന് കരുതുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.