Kerala High Court| വിയോജിക്കാം, വിമര്‍ശിക്കാം; സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാകില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Sunday, November 9, 2025

 

കൊച്ചി: സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍, സര്‍ക്കാരിനോടുള്ള വിമര്‍ശനവും വിയോജിപ്പും ഉള്‍പ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണെന്നും, സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനു പകരം നേരിട്ട് സഹായം നല്‍കുന്നതാണ് നല്ലതെന്ന അഭിപ്രായം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സംഭവത്തില്‍, എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പൊതുജീവിതക്രമത്തിനോ ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് ഈ പരിധിയില്‍ വരില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അവശ്യസേവനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍, ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍ പറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയില്‍പ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിഷയങ്ങളോ ഈ കേസിലെ പോസ്റ്റില്‍ ഇല്ലെന്ന് വിലയിരുത്തിയ കോടതി, എസ്. മനുവിനെതിരായ തുടര്‍നടപടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ വിധി.