പി.കെ ശശി കെടിഡിസി ചെയർമാന്‍; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം : ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ കെടിഡിസി (കേരള ടൂറിസം ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍) ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സർക്കാർ. ലൈംഗികാതിക്രമ പരാതിയിൽ ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പീഡന പരാതിയെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ ശശിക്ക് സിപിഎം സീറ്റ് നൽകിയിരുന്നില്ല.

എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. ശശിക്ക് നിയമനം നൽകിയ സർക്കാർ ഉത്തരവ് പുറത്ത് ഇറങ്ങി. 2019 നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. വനിതാ നേതാവിന്‍റെ പരാതിയെ തുടർന്ന് പി.കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയിലാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ.കെ ബാലനും പി.കെ ശ്രീമതിയും ഉള്‍പ്പെട്ട കമ്മീഷനാണ് ശശിക്കെതിരായ പരാതി അന്വേഷിച്ചത്.

Comments (0)
Add Comment