വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാന്‍ ഗോവിന്ദന്‍റെ ജീവിതം ഇനിയും ബാക്കി

Jaihind News Bureau
Saturday, March 8, 2025

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണ്. ഗോവിന്ദന് നിലപാടുകളില്‍ വ്യക്തയില്ലെന്നും ഒരേ കാര്യം തന്നെ രാവിലെയും ഉച്ചക്കും വൈകിട്ടും മാറ്റി പറയുകയാണെന്നും അണികള്‍ക്കു പോലും ആശയക്കുഴപ്പമുണ്ടാകുന്നുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായതും പാര്‍ട്ടി സെക്രട്ടറിയായിരുന്നു.

കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തിരിതെളിഞ്ഞപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവന്‍ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിക്കും മരുമകനും മാര്‍ക്കിട്ട് മറ്റ് മന്ത്രിമാരെ കുറ്റം പറഞ്ഞ പ്രതിനിധി ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ലെന്നാണ് ഇതില്‍ നിന്ന് തന്നെ തെളിഞ്ഞു വരുന്നത്. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പല വിധ അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടി അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുകയാണ്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി വളരെ പുറകോട്ടാണ്. അതില്‍ ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികള്‍ അഭിപ്രായം ഉന്നയിച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ സ്ഥാനമാനങ്ങളെല്ലാം കണ്ണൂരിന് കൊടുക്കുന്നുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് സമ്മേളനത്തിന് ശേഷമുള്ള എംവി ഗോവിന്ദന്‍റെ മറുപടി.

ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നാണ് ഗോവിന്ദന്‍റെ മറ്റൊരു മറുപടി. പിണറായിയുടെ നയരേഖാ നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചക്ക് മുന്‍പേ പിന്തുണ നല്‍കാനും പാര്‍ട്ടി സെക്രട്ടറി മറന്നില്ല. സമ്മേളന നടത്തിപ്പില്‍ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. വിമര്‍ശനത്തിന്റെയും വിഭാഗീയതയുടേയും നിഴല്‍ എങ്കിലും പ്രതീക്ഷിച്ചിരുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ എംവി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്നാണ് തെളിഞ്ഞു വരുന്നത്.