ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാത്തത് തെറ്റായ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ എം വി ഗോവിന്ദന്‍ നടത്തുന്നത് കരിങ്കാലി പണിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനും അഭിപ്രായപ്പെട്ടു. വീണ ജോര്‍ജ് നടത്തിയത് അപഹസ്യമായ സമീപനമാണ്. തൊഴിലാളി സമരത്തെ യു ഡി എഫ് പിന്തുണയ്ക്കുമെന്നും കേന്ദ്രം അനുകൂലമല്ലാത്ത സമീപനം സ്വീകരിച്ചാല്‍ കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫ് തയ്യാറെന്നും എം.എം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശാ പ്രവര്‍ത്തകരുടെ സമരമാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ആരോഗ്യ മന്ത്രിയും സര്‍ക്കാരും കൈയ്യൊഴിഞ്ഞ സമരക്കാരെ ഇരു കൈയ്യും നീട്ടിയാണ് ജനങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തത്. മൂന്നാം ഘട്ടത്തിലേക്ക് കടന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നില്ല എന്നതിലുപരി അവരെ തരം കിട്ടുമ്പോഴൊക്കെ ആക്ഷേപിക്കാനും അവഹേളിക്കാനും ഭരണനേതാക്കള്‍ ശ്രമിക്കുന്നുമുണ്ട്. ശക്തമായ എതിര്‍പ്പുമായി പല തവണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നിയമസഭയില്‍ അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവന്നെങ്കിലും അതിനുള്ള അനുമതി നിഷേധിച്ചു കൊണ്ടാണ് സര്‍ക്കാര്‍ അവിടെയും പക വീട്ടിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാന്‍ തയാറെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശന്‍ പറഞ്ഞിരുന്നു. അതിനും പിണറായി സര്‍ക്കാര്‍ മുതിരുന്നില്ല.