‘ഗവര്‍ണര്‍ പദവി പാഴ്, രാഷ്ട്രീയം കളിക്കുന്നു’; സര്‍ക്കാരിന്‍റെ അനുനയ നീക്കത്തിനിടെ ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഐ

Jaihind Webdesk
Wednesday, August 10, 2022

തിരുവനന്തപുരം : ​ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാത്ത നടപടിയില്‍ സര്‍ക്കാരിന്‍റെ അനുനയ നീക്കത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയു​ഗം. ​ഗവർണർ പദവി പാഴാണെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജനയുഗം ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടനാ പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയു​ഗം വിമർശിക്കുന്നു. ​ഗവർണറെ അനുയിപ്പിക്കാനുള്ള വഴികള്‍ സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നതിനിടെയാണ് സിപിഐയുടെ കടന്നാക്രമണമെന്നതാണ് ശ്രദ്ധേയം.

അതേസമയം ഗവർണറെ പ്രകോപിപ്പിക്കാതെ പതിവ് പോലെ അനുരഞ്ജന സാധ്യത തേടുകയാണ് സർക്കാർ.  ഡൽഹിയിൽ നിന്നും കേരളത്തിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി കാണാനാണ് ശ്രമം. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസ് മരവിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഒപ്പിട്ടാൽ ഉടൻ ഓർഡിനൻസ് പുതുക്കിയിറക്കാൻ കഴിഞ്ഞ ദിവസം അർധരാത്രി വരെ ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും ഗവർണർ വിട്ടുവീഴ്ച ചെയ്തില്ല.

ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിൻസുകളാണ് അസാധുവായത്. ഇതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലുമായി. ഓര്‍ഡിനൻസ് കാലാവധി കഴിഞ്ഞതോടെ ലോകായുക്ത പഴയ നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. ഗവർണറെ പ്രകോപിപ്പിച്ച വിസി നിയമന ഭേദഗതി ഓർഡിനൻസിൽ നിന്നും തൽക്കാലം സർക്കാർ പിന്നോട്ടുപോയേക്കും. കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെയും ഉടൻ നിർദേശിച്ചേക്കും. സർക്കാരുമായി ഗവർണർ അനുനയത്തിന് തയാറായില്ലെങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകും.