ചാന്‍സിലർ പദവി: ഗവർണറെ നീക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ചു; തട്ടിക്കൂട്ട് ബില്ലെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, December 7, 2022

 

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുളള സർവകലാശാല നിയമ ഭേദഗതി ബിൽ സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചു. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ബില്ല് പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ മാർക്സിസ്റ്റ് വത്ക്കരണം നടത്തുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദുരഭിമാനത്തിന്‍റെ പേരിൽ കൊണ്ടുവന്ന ധനകാര്യ മെമ്മോറാണ്ടം ഇല്ലാത്തതും വ്യക്തത ഇല്ലാത്തതുമായ ബിൽ പിൻവലിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചർച്ചകൾക്ക് ശേഷം ബില്ല് സബ്ജക്ട് കമ്മിറ്റിക്കും സെലക്ട് കമ്മിറ്റിക്കും വിട്ടു.

കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിന് ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവ് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബില്ലിനെതിരെ ശക്തമായ തടസവാദങ്ങളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. ഫിനാൻഷ്യൽ മെമ്മോറാണ്ടം അപൂർണമായ ബില്ല് അവ്യക്തവും തട്ടിക്കൂട്ടിയതുമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘ആലോചനയില്ലാതെ തട്ടിക്കൂട്ടിയ ബില്ലാണിത്. ചാൻസലറുടെ ഒഴിവ് ഉണ്ടായാൽ താൽക്കാലികമായി പ്രോ വൈസ് ചാൻസലർക്ക് അധികാരം നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ കാലാവധിയിൽ മാത്രമേ പ്രോ വൈസ് ചാൻസലർക്ക് അധികാരത്തിൽ ഇരിക്കാൻ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലർ ഇല്ലാതായാൽ പ്രോവൈസ് ചാൻസലറും ഇല്ലാതാകും. യുജിസിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കിൽ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നിൽക്കില്ല. അതാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വിസിമാർക്ക് പുറത്തു പോകേണ്ടിവന്നത്. പുതുതായി നിയമിക്കപ്പെടുന്ന ചാൻസലറുടെ കാര്യാലയം സർവകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ ഓഫീസ് ചെലവുകൾ സർവകലാശാലയുടെ ഫണ്ടിൽനിന്ന് ചെലവാക്കേണ്ടിവരും. ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂർണമായതിനാൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ല’ – വി.ഡി സതീശൻ പറഞ്ഞു.

ദുരഭിമാനത്തിന്‍റെ പേരിൽ കൊണ്ടുവന്ന ധനകാര്യ മെമ്മോറാണ്ടം ഇല്ലാത്തതും വ്യക്തത ഇല്ലാത്തതുമായ ബിൽ പിൻവലിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ടി സിദ്ദിഖ്, എ.പി അനിൽകുമാർ തുടങ്ങിയവർ ബില്ലിന്‍റെ അപാകതകൾ ചൂണ്ടിക്കാട്ടി ശക്തമായ തടസവാദങ്ങൾ ഉന്നയിച്ചു.
പ്രതിപക്ഷം രാഷ്ട്രീയ നിലപാട് തിരുത്തി ബില്ലിനെ അനുകൂലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ബില്ല് സർവകലാശാലകളെ വൻ കുഴപ്പങ്ങളിൽ എത്തിക്കുമെന്ന് തുടർന്ന് സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചൂടേറിയ ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ നടന്നത്. ചർച്ചകൾക്ക് ശേഷം ബില്ല് സബ്ജക്ട് കമ്മിറ്റിക്കും സെലക്ട് കമ്മിറ്റിക്കും വിട്ടു.