സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത്; രാജ്ഭവനിൽ ഗവർണറുടെ വിരുന്ന്, 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

Jaihind Webdesk
Wednesday, January 24, 2024

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാരും ഗവർണറും. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കുവാൻ ഗവർണർക്ക് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിച്ചിരിക്കുന്നത്.

സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തുമ്പോഴും മുഖ്യമന്ത്രിയും ഗവർണറും ഒക്കെ വിരുന്നു സൽക്കാരത്തിന് പൊടിപൊടിക്കുന്നത് ലക്ഷങ്ങളാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണറുടെ അറ്റ് ഹോം സൽക്കാരത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിച്ചിരിക്കുന്നത്. സർക്കാർ- ഗവർണർ പോരിനെ തുടർന്ന് കഴിഞ്ഞ ക്രിസ്മസിന് രാജ്ഭവനിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാൽ, നിയമസഭാ സമ്മേളനം നടക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറ്റ് ഹോം വിരുന്നിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയും സംഘവും ക്ഷണം സ്വീകരിച്ചേക്കും. സർക്കാർ ഗവർണർ
പോര് തുടരുമ്പോഴും രാജ്ഭവന് സർക്കാർ യഥേഷ്ടം പണം അനുവദിക്കുക പതിവാണ്. ഗവർണറുടെ അന്യസംസ്ഥാന യാത്രകൾക്ക് ബഡ്ജറ്റ് വിഹിതത്തിന് ഉപരിയായി സമീപകാലത്ത് സർക്കാർ പണം അനുവദിച്ചിരുന്നു.