‘കണ്ണൂർ വി.സി ക്രിമിനല്‍’; കടന്നാക്രമിച്ച് ഗവർണർ, പോര് മുറുകുന്നു

Jaihind Webdesk
Sunday, August 21, 2022

ന്യൂഡല്‍ഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ കടന്നാക്രമിച്ച്  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി.സി  ക്രിമിനലെന്ന് ഗവർണർ തുറന്നടിച്ചു. ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി ആക്രമിക്കാൻ ശ്രമം നടന്നു. വി.സി ഇതിന് എല്ലാ ഒത്താശ ചെയ്‌തെന്നും ഇതിന്‍റെ ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്നും ഗവർണ്ണർ ആരോപിച്ചു.

മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വിസി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണർ കൂട്ടിച്ചേര്‍ത്തു.

അതേസമയം സർവകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഗവർണർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കാനാണ് ഗവർണറുടെ നീക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ കണ്ണൂർ വിസിക്കെതിരെ നടപടിയുണ്ടാകും. പ്രിയാ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന കണ്ണൂർ വിസിയുടെ പ്രതികരണവും വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതും ഗവർണറെ ചൊടിപ്പിച്ചു.