കര്‍ഷക സമരത്തെ പിന്തുണച്ച് ഗവര്‍ണര്‍ ; ‘രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പ്’

Jaihind News Bureau
Friday, January 8, 2021

 

തിരുവനന്തപുരം : കര്‍ഷക സമരത്തെ പിന്തുണച്ച് ഗവര്‍ണര്‍. രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ് സമരം. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും ഇത് കേരളത്തിന് തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷമായിരുന്നു ഇറങ്ങിപ്പോയത്.  സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഗവർണറുടേത് പൊള്ളയായ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നയപ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി സ്പീക്കർ ഡോളർ കടത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ജനാധിപത്യത്തിന് ഒരു അർത്ഥവുമില്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പീക്കറും സർക്കാരുമാണിത്. മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കറെന്നും അദ്ദേഹം പരിഹസിച്ചു.