ഗവര്‍ണറെ തടഞ്ഞ കേസില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഗവര്‍ണറുടെ കാര്‍ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്‌ഐകാര്‍ക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുര്‍ബലവകുപ്പുകളായിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേര്‍ക്കെതിരെ കൂടുതല്‍ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ജാമ്യേപേക്ഷയില്‍ വിശദമായ വാദം കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ ആകെ മലക്കം മറിഞ്ഞു. 124ആം വകുപ്പ് നിലനില്‍ക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷന്‍ പ്രകടിപ്പിച്ചത്.
ഗവര്‍ണര്‍ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താന്‍ ശ്രമിച്ചാലേ കൃത്യനിര്‍വ്വഹണം തടഞ്ഞു എന്ന നിലയില്‍ 124 നിലനില്‍ക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്റെ സംശയം. അപ്പോള്‍ എന്താണ് പ്രതികള്‍ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോള്‍ പ്രതിഷേധം മാത്രമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പ്രോസിക്യൂഷന്റെ ചുവടുപിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനില്‍ക്കില്ലെന്ന് വാദിച്ചു. ഗവര്‍ണര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് പോകുകയാണെന്ന പോലീസ് റിപ്പോര്‍ട്ടില്ലെന്നനും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഗവര്‍ണറുടെ വാഹനത്തിനുണ്ടായ കേടുപാടുകള്‍ക്കാണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പണം കെട്ടിവെച്ചാല്‍ എന്തും ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.