കെ.എ.എസിലെ സംവരണ വിഷയം: കൊടിക്കുന്നില്‍ സുരേഷിന്‍റെ നിവേദനത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍; സര്‍ക്കാരിനോട് വിശദീകരണം തേടി

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) സ്ട്രീം രണ്ടിലും മൂന്നിലും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താതെ നടപ്പാക്കാനുള്ള നീക്കത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഒന്നാം സ്ട്രീമില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്‍റിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍ സ്ട്രീമുകളായ രണ്ടിലും മൂന്നിലും സംവരണം ഏര്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്എം.പി നേരത്തെ ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ഐ.എ.എസ് പോലുള്ള ഉയര്‍ന്ന തസ്തികകളില്‍  പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റേതെന്നും  അതിനാല്‍ ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയെ അട്ടിമറിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നും കെ.എ.എസില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമന്നും കൊടിക്കുന്നില്‍ സുരേഷ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

വിഷയത്തില്‍‌ ഇടപെട്ട ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് ജനുവരിയില്‍ പ്രാബല്യത്തില്‍  കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കെ.എ.എസിന്‍റെ പരിഷ്കാരം അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

കെ.എ.എസിലെ സംവരണ അട്ടിമറിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്കും കേന്ദ്ര പട്ടികജാതി കമ്മീഷനും നിവേദനം നല്‍കിയിട്ടുണ്ട്. കെ.എ.എസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സര്‍വീസിലെ എസ്.സി/എസ്.ടി സംവരണം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ശക്തമായ ഭാഷയില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

Kodikkunnil SureshKAS
Comments (0)
Add Comment