സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം ; നിർദേശവുമായി ഗവർണർ

Jaihind Webdesk
Friday, July 16, 2021

കൊച്ചി : കേരളത്തിലെ സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വി.സിമാരുടെ യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്നു. സ്ത്രീ​ധ​ന സമ്പ്രദായം  ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വിദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​നം നേടുമ്പോള്‍ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോഗത്തിന് ശേഷം ഗവർണർ  പ​റ​ഞ്ഞു.

സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വ്യക്തമാക്കി. ഇതിനായി പ്രവേശനസമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ ബോണ്ടിൽ ഒപ്പ് വെക്കണം. സ്ത്രീധന നിരോധനത്തിനായി ശക്തമായ ക്യാംപയിൻ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളും ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു.

സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ​രീ​തി പി​ന്തു​ട​ര​ണം. വി.സിമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദേശങ്ങളും ഉയർന്ന് വന്നുവെന്നും ഈ മാസം 21 ന് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് നഷ്ട്ടപ്പെട്ട സംഭവത്തിൽ ഇതുവരെയും പരാതി കിട്ടിയിട്ടില്ലന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചു.