ശിശുക്ഷേമ സമിതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും; രക്ഷാധികാര സ്ഥാനം ഒഴിഞ്ഞ് ഗവർണ്ണർ

Jaihind Webdesk
Thursday, October 26, 2023

 

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞു. രാജ്ഭവൻ ഇക്കാര്യം സർക്കാരിനെ രേഖാമൂലം
അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമിതി പ്രസിഡന്‍റ്. രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതായി ഗവർണ്ണർ സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ട് ഏതാനും ആഴ്ചകളായെങ്കിലും ഇത് അംഗീകരിച്ച് സമിതിയുടെ രേഖകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഗവർണ്ണറുടെ പേര് ഒഴിവാക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ ഗവർണ്ണർക്കുള്ള അസന്തുഷ്ടി അറിയിച്ച് രാജ്ഭവൻ വീണ്ടും സ്ഥാനം ഒഴിഞ്ഞതായി സർക്കാരിനെ അറിയിച്ചു.

ശിശുക്ഷേമ സമിതിക്കെതിരെ ഉയർന്നത് ഗുരുതരമായ പരാതികളെന്നും ഉയർന്ന പരാതികളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സമിതിക്കെതിരെ ധാരാളം പരാതികൾ ലഭിച്ചതായും
അവ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അയച്ചതായും ഗവർണർ വ്യക്തമാക്കി. അവർ നൽകിയ മറുപടിയിൽ ഗവർണർ രക്ഷാധികാരി സ്ഥാനത്തുനിന്ന് മാറുകയാണ് നല്ലതെന്ന് സൂചിപ്പിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ നല്ല രീതിയിൽ നടക്കുന്ന ഒരു സ്ഥാപനത്തെ തകർക്കുവാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഏത് അന്വേഷണത്തെ നേരിടുവാനും തയാറാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ അരുൺ ഗോപി പറഞ്ഞു.

ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ ആരോപണങ്ങളും പരാതികളും വീണ്ടും ഉയരുകയാണ്. ശിശുക്ഷേമ സമിതിയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സമിതി രക്ഷാധികാരി സ്ഥാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിഞ്ഞതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ശിശുക്ഷേമ സമിതിയും ഗവർണ്ണറുമായുള്ള തുറന്ന പോര് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.