സുപ്രീംകോടതി വിരട്ടിയതിന് പിന്നാലെ സര്‍ക്കാരിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍; ഡിഎംകെയ്ക്ക് രാഷ്ട്രീയ വിജയം

Jaihind Webdesk
Monday, November 20, 2023


സുപ്രീം കോടതി കണ്ണുരുട്ടിയതോടെ വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. അഴിമതിക്കേസില്‍ എഐഎംഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. ഗുട്ക അഴിമതി കേസിലാണ് നടപടി. ഇവര്‍ക്കെതിരെ 14 മാസം മുന്‍പാണ് ഡിഎംകെ സര്‍ക്കാര്‍ നടപടിക്ക് അനുമതി തേടിയത്. എന്നാല്‍ നിയമപരിശോധന തുടരുന്നെന്ന ന്യായീകരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍. സുപ്രീം കോടതി ഇന്ന് അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജ്ഭവന്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടിയെടുത്തത്. അതിരൂക്ഷ വിമര്‍ശനം വന്നതിന് പിന്നാലെ് രാജ്ഭവന്‍ തിരക്കിട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. സര്‍ക്കാര്‍ കത്ത് നല്‍കിയ ശേഷം രാജ്ഭവന്‍ ഇത്രയും നാള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെന്തില്‍ ബാലാജി കേസ് ഉയര്‍ന്നതിന് പിന്നാലെ വിഷയം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ എന്‍ഡിഎ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് സംസ്ഥാനത്ത് എഐഎഡിഎംകെ നേതൃത്വം. ഡിഎംകെയുടെ രാഷ്ട്രീയ വിജയമായി കൂടിയാണ് മുന്‍ മന്ത്രിമാര്‍ക്കെതിരായ വിചാരണ നടപടി വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരായ ഹര്‍ജി പരിഗണിക്കവേ ബില്ലുകള്‍ സര്‍ക്കാരിന് തിരികെ അയ്ക്കാന്‍ കോടതി ഇടപെടല്‍ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. മൂന്ന് വര്‍ഷമായി ബില്ലുകളില്‍ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണര്‍ നടപടിയെടുത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകള്‍ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. നിയമസഭാ ബില്ലുകള്‍ പാസാക്കി ഗവര്‍ണര്‍ക്ക് വീണ്ടും അയച്ച കാര്യം സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. തമിഴ്‌നാടിന്റെ ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.