രോഷം പ്രകടിപ്പിച്ച് ഗവർണർ; എസ്എഫ്ഐ പ്രവർത്തകർ ക്രിമിനലുകളാണെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു

Jaihind Webdesk
Monday, December 18, 2023

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രോഷം പ്രകടിപ്പിച്ചു.

താന്‍ രണ്ടു മണിക്കൂര്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ഗവർണർ ആരോപിച്ചു. എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്ന് ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് സെമിനാര്‍ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോവുകയായിുരന്നു.

നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പരീക്ഷാ ഭവന് സമീപം പ്രതിഷേധിച്ചത്. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കാനായി പോയത്. അതേസമയം, സെമിനാറില്‍നിന്ന് കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിസി എം.കെ ജയരാജ് വിശദീകരിച്ചത്.