അതിഥി സല്‍ക്കാര ചെലവുകളില്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍; വര്‍ഷം 2.60 കോടി വേണമെന്ന് ആവശ്യം

Jaihind Webdesk
Sunday, November 12, 2023


അതിഥി, സല്‍ക്കാര ചെലവുകളിലടക്കം വന്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറ് ഇനങ്ങളിലാണ് 36 ഇരട്ടി വരെ വര്‍ധന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, ടൂര്‍ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫീസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ഈ ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ ആറിനങ്ങളിലെ ആകെ ചെലവ് മൂന്നു കോടി രൂപയ്ക്കടുത്താണ്. ഇത് പരിഗണിച്ചാണ് ബജറ്റില്‍ വാര്‍ഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതില്‍ കൂടുതല്‍ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇത്രയും വലിയ വര്‍ധന ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിനെ വട്ടം ചുറ്റിക്കുകയാണ്.