സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദേശീയപാത നിര്‍മ്മാണ്ണം സര്‍ക്കാരിന്റെ നേട്ടമായി പറയുന്നു. അവകാശങ്ങളെല്ലാം പൊളിഞ്ഞ് വീഴുന്നുവെന്നും വി.ഡി സതീശന്‍ കോട്ടയത്ത് മീറ്റ് ദ പ്രസില്‍ പറഞ്ഞു. ദേശീയപാതയില്‍ നൂറിലധികം സ്ഥലത്താണ് വിള്ളലുണ്ടായത്. ദേശീയ പാതയില്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞ് സിപിഎം ഇപ്പോള്‍ ഓടുന്നു. ദേശീയപാതയ്ക്ക് അവകാശവാദം ഉന്നയിച്ചവര്‍ ഇപ്പോളെവിടെയെന്നും വി.ഡി സതീശന്‍ ചോദിച്ചു.
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിനായി 4000 പേജുകളുള്ള പാരിസ്ഥിതികപഠനം നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. 2019 ല്‍ തീരേണ്ട പദ്ധതി 20025ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. പണി പൂര്‍ത്തിയാക്കേണ്ടത് വൈകിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. പാലാരിവട്ടം പാലത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നേരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇപ്പോള്‍ ഹൈവേ തകര്‍ന്നതില്‍ ആര്‍ക്കും പരാതിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കോടികളുടെ അഴിമതിയാണ് മെഡിക്കല്‍ രംഗത്ത് കോവിഡിന്റെ പേരില്‍ നടന്നതെന്ന് വി ഡിസതീശന്‍ പറഞ്ഞു. 28,000 കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിരവധി ആരോഗ്യ പദ്ധതികള്‍ ഇപ്പോള്‍ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേമനിധി ബോര്‍ഡുകള്‍ തകര്‍ന്നു, പിഡബ്ല്യുഡി കരാറുകാര്‍ക്ക് പൈസ നല്‍കാനില്ല, വൈദ്യുതി രംഗത്ത് അഴിമതി തുടങ്ങി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളെല്ലാം വി ഡി എടുത്തു കാട്ടി. അതേ സമയം സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിയിലേക്ക് കണക്ഷന്‍ എടുക്കുന്നത് ബിഎസ്എന്‍എല്‍ വഴിയാെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലെയും റോഡുകളില്‍ ഇപ്പോള്‍ പ്രശ്‌നമാണ്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ട് എന്ന റിപ്പോര്‍ട്ട് മാത്രമാണ് വന്നിട്ടുള്ളത്. ഭരിക്കുന്ന കാലത്ത് തന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല നിര്‍മിതികളും തകര്‍ന്നു വീഴുകയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണിത നിര്‍മിതികള്‍ ഒന്നും തകര്‍ന്നിട്ടില്ല. കേന്ദ്ര അനുമതി വാങ്ങി വന്നാലും കെ റെയില്‍ നടപ്പാക്കാന്‍ യുഡിഎഫ് സമ്മതിക്കില്ലെന്നും ഒരു ഡിപിഒ പോലും ഇല്ലാതെയാണ് രണ്ടര ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേ സമയം ഹൈവേ തകര്‍ന്നതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും കത്തയച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.