സർക്കാരിന്‍റെ ധൂർത്തും സാമ്പത്തിക പ്രതിസന്ധിയും സഭയില്‍; അടിയന്തരപ്രമേയത്തില്‍ ചർച്ച ഉച്ചയ്ക്ക് 1 മണി മുതല്‍

Jaihind Webdesk
Wednesday, September 13, 2023

Kerala-Niyama-sabha

 

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്‍റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആരോപിച്ചു.

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് തന്നെ സഭയിൽ സമ്മതിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കൂപ്പുകുത്തിച്ച് സംസ്ഥാനത്തെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ച സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ സഭയിൽ പ്രതിപക്ഷം ആഞ്ഞടിക്കും. നേരത്തെ തന്നെ സർക്കാരിന് മുന്നറിയിപ്പുമായി പ്രതിപക്ഷം സംസ്ഥാനം നേരിടാൻ ഇരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധവളപത്രം ഇറക്കിയിരുന്നു.

ഈ സഭാസമ്മേളന കാലയളവിലെ രണ്ടാം അടിയന്തരപ്രമേയ ചർച്ചയാണിത്. സോളാർ കേസിലെ ഗൂഢാലോചന കഴിഞ്ഞ ദിവസം സഭ ചർച്ച ചെയ്തിരുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ നിയമസഭയിൽ ബഹളമുണ്ടാക്കി പ്രതിപക്ഷ ശബ്ദം തടസപ്പെടുത്തു ന്ന ആസൂത്രിത നീക്കം കഴിഞ്ഞ ദിവസവും സഭയിൽ അരങ്ങേറിയിരുന്നു. ഇതിനെ ശക്തമായി നേരിടുവാൻ ഉറച്ചാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുന്നത്.