സര്‍ക്കാരിന്‍റെ ഇടുക്കി പാക്കേജ് ജനങ്ങളെ പാക്ക് ചെയ്യാനുള്ള പദ്ധതി; വിഷയം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം

Jaihind News Bureau
Tuesday, March 18, 2025

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്ന് പ്രതിപക്ഷം. ഇടുക്കിയില്‍ വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നെന്നും ഈ ലോബിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നെന്നും പ്രതിപക്ഷം.പരുന്തുംപാറയിലെ ഉള്‍പ്പെടെ വിവിധ വന്‍കിട കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഭൂമാഫിയായ്ക്കു ഒത്താശ ചെയ്യുന്നസര്‍ക്കാര്‍ നിലപാടിനെ സഭയില്‍ വിചാരണ ചെയ്തു. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ഉന്നത രാഷ്ട്രീയ ബന്ധത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇടുക്കിയിലെ പരുന്തുംപാറയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഭൂമി കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയില്‍ ഉയര്‍ത്തിയാണ് മാത്യൂ കുഴല്‍നാടന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ലോബി സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. പാറക്കെട്ടുകള്‍ക്ക് വരെ വ്യാജ പട്ടയം തരപ്പെടുത്തി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്നതായദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സര്‍ക്കാര്‍ ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് മലയോര കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

കയ്യേറ്റക്കാരെയും കൊടിയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇടുക്കിയില്‍ രാഷ്ട്രീയ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഭൂമികയ്യേറ്റത്തിന്റെ കണക്കുകള്‍ ഒന്നൊന്നായി സഭയില്‍ നിരത്തി. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്‍ ശക്തമായി പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളില്‍ റവന്യൂ മന്ത്രി സഭയില്‍ മറുപടി നല്‍കിയത്.അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.