മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 7 മാസമായിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനെതിരെ വൻ പ്രക്ഷോഭത്തിനാണ് ദുരന്തബാധിതർ ഒരുങ്ങുന്നത്. ഞായറാഴ്ച ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും തൊഴിലാളികളെ കുടിയിറക്കാനുള്ള നോട്ടീസ് മാനേജ്മെന്‍റ് നൽകി. 70ഓളം പാടികൾക്കാണ് നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനകം എസ്റ്റേറ്റിൽ നിന്നും ഇറങ്ങണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചൂരൽ മല – മുണ്ടക്കയ് പനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായാണ് തൊഴിലാളികളോട് രണ്ട് ദിവസത്തിനകം ഇറങ്ങാൻ മാനേജ്‌മന്‍റ് നോട്ടീസ് നൽകിയത്.
പുനരധിവാസത്തിനായി കൽപറ്റ എൽസ്റ്റൺ, നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റുകളാണ് പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയിരിക്കുന്ന ഇടങ്ങള്‍. ഇതിൽ ആദ്യഘട്ടത്തിൽ കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് ടൗൺഷിപ് നിർമിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. അതേ സമയം ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഗുണഭോക്താക്കളുടെ പൂർണ്ണ ലിസ്റ്റും സർക്കാർ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ മറുഭാഗത്ത് നിന്ന് നാട്ടുകാരുടെ സമരവും ശക്തമാണ്.
ആദ്യ പടിയായി 24ന് കലക്ടറേറ്റിനു മുന്നിൽ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്ന് അറിയിച്ചു. എന്നിട്ടും നടപടികളുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം. കേന്ദ്ര സർക്കാരിനെപ്പോലെ കേരള സർക്കാരും വയനാടിനോട് മുഖം തിരിക്കുന്നതിനോട് ശക്തമായി പൊരുതാനാണ് നാട്ടുകാർ ശ്രമിക്കുന്നത്.