കാക്കിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ച് സർക്കാർ; 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ; പുറത്താക്കിയത് 18 പേരെ മാത്രം

Jaihind Webdesk
Thursday, November 25, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസിൽ നിന്ന് പുറത്താക്കിയത് 18 പേരെ മാത്രം. നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്രാ വധക്കേസിലും മൊഫിയ കേസിലും ഗുരുതര വീഴ്ചകൾ വരുത്തിയ ആലുവ സിഐ സിഎൽ സുധീറും ആറ്റിങ്ങലിൽ
അച്ഛനെയും മകളെയും അധിക്ഷേപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സിപി രജിതയുമൊക്കെ കേരള പോലീസിന് തലവേദനയാകുന്നതിനിടെയാണ് ക്രിമിനൽ കേസുകളിലെ പ്രതികളായ പൊലീസുദ്യോഗസ്ഥരെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വെളിപ്പെടുത്തൽ. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ കെ കെ രമ എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിലവിൽ 744 പൊലീസുദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള 744 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടി ചട്ട പ്രകാരം ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പതിനെട്ട് പേരെ മാത്രമാണ് സർവീസിൽനിന്ന് പുറത്താക്കിയിട്ടുള്ളത്. 691 പേർക്കെതിരെയുള്ള കേസുകളിൽ ശിക്ഷ വകുപ്പുതല നടപടിയിലൊതുക്കി. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയെയും നോക്കുകുത്തിയാക്കി പൊലീസ് രാജ് നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.