‘ഭരണം നിലനിർത്താന്‍ ആർക്കും കീഴടങ്ങുന്ന സർക്കാർ മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നു’; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

Jaihind Webdesk
Wednesday, February 1, 2023

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയവും നയവൈകല്യങ്ങളും തുറന്നു കാട്ടിയും സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്രീണന നയങ്ങളെ വിമർശിച്ചുമാണ് പ്രതിപക്ഷം ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചാ വേളയിൽ നിയമസഭയിൽ ആഞ്ഞടിച്ചത്. കേരള ഭരണം നിലനിർത്താൻ ആർക്കും കീഴടങ്ങുന്ന സർക്കാർ മാഫിയകൾക്ക് പിന്തുണ നൽകുകയാണെന്നും സ്വപ്നവും പ്രതീക്ഷയുമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കെടുകാര്യസ്ഥതയുടെ തലപ്പത്ത് കേരളത്തെ എത്തിച്ച സർക്കാർ നികുതി പിരിവിൽ കേരളത്തെ ഏറ്റവും പിന്നിലാക്കിയെന്ന് ഗവർണറുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കേരളത്തിലെ ലഹരിമാഫിയയുമായുള്ള ഇടതു ബന്ധത്തെ വിമർശിച്ച തിരുവഞ്ചൂർ സിപിഎമ്മിൽ ചില അന്തകവിത്തുകളുണ്ടെന്നും അവരെ തടയാൻ നിങ്ങൾക്ക് ആകുന്നില്ലെന്നും  അവർ നിങ്ങളുടെ അന്ത്യം കുറിക്കുമെന്നും പറഞ്ഞു. കേരള ഭരണം നിലനിർത്താൻ ആർക്കും കീഴടങ്ങുന്ന സർക്കാർ മാഫിയകൾക്ക് പിന്തുണ നൽകുകയാണെന്നും
സ്വപ്നവും പ്രതിക്ഷയുമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും തുടർന്ന് സംസാരിച്ച യുഡിഎഫിലെ എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ബിജെപിയെ സഹായിക്കാനുള്ള പിണറായിസമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.

കേരള ജനതയെ വെല്ലുവിളിച്ച് കെ റെയിൽ നടപ്പിലാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് തുടർന്ന് സംസാരിച്ച മോൻസ് ജോസഫ് വ്യക്തമാക്കി. തുടർന്ന് സംസാരിച്ച മാത്യു കുഴൽ നാടനും എം വിൻസെന്‍റും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സർക്കാരിന്‍റെ ഭരണ പരാജയങ്ങളെ എണ്ണിപ്പറഞ്ഞ് വിമർശന ശരങ്ങൾ ഉയർത്തി. നന്ദിപ്രമേയത്തിന്മേൽ നാളെയും ചർച്ച തുടരും.