കൊച്ചി : ലൈഫ് മിഷന്‍ അഴിമതി കേസില്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ നിർദേശിച്ചു. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു സർക്കാർ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ലൈഫ് മിഷന്‍ അന്വേഷണവുമായി സർക്കാറും പദ്ധതി സി.ഇ.ഒ യു.വി ജോസും സഹകരിക്കണമെന്ന് ജസ്റ്റിസ് വി.ജി അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്‍റും യുണിടാക്കും തമ്മിലാണെന്ന് സര്‍ക്കാര്‍ വാദിച്ചു. പണം കൈമാറിയത് കരാര്‍ കമ്പനിക്കാണ്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും തന്നെയില്ല. സർക്കാർ കോടതിയിൽ വ്യക്തമാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യത്തോടെ നല്‍കിയ പരാതിയാണ് ഇതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. ഈ ഘട്ടത്തില്‍ ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലല്ലേ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത് ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ മാത്രമാണ്. ലൈഫ് മിഷന്‍ നല്‍കിയത് ഭൂമിയാണ്. ഇതില്‍ പണത്തിന്‍റെ ഇടപാട് ഒന്നുമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാൽ കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു. ലൈഫ് മിഷന്‍റെ പേരില്‍ വന്നിട്ടുള്ള ഹര്‍ജി യുണിടാക്കിനെയും സാനി വെഞ്ചേഴ്‌സിനെയും സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേസില്‍ പ്രതിയല്ലാത്ത ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. സുപ്രീം കോടതി മുന്‍ എ.എസ്.ജി വിശ്വനാഥനാണ് സര്‍ക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്.