Assam Aadhaar| അസമില്‍ മുതിര്‍ന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവച്ചു, അനധികൃത കുടിയേറ്റം തടയാനെന്ന് സര്‍ക്കാര്‍; അസമിനെ ബനാന റിപ്പബ്‌ളിക് ആക്കി മാറ്റുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, August 21, 2025

ഗുവാഹത്തി: അനധികൃത കുടിയേറ്റം തടയാനെന്ന പേരില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ അസം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാരിന്റെ ഈ നീക്കം യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ ദ്രോഹിക്കാനും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കാനുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും തേയിലത്തോട്ടം തൊഴിലാളികള്‍ക്കും ഒഴികെ 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും ഒരു വര്‍ഷത്തേക്ക് പുതിയ ആധാര്‍ കാര്‍ഡ് നല്‍കില്ലെന്നാണ് അസം മന്ത്രിസഭയുടെ തീരുമാനം. ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ മാസം ഒരു അവസരം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ആധാര്‍ കാര്‍ഡ് നേടുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിശദീകരണം.

എന്നാല്‍, ഈ തീരുമാനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. സര്‍ക്കാരിന്റെ ഈ നടപടി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് അസമിലുള്ളതെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ (NRC) പേരില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ മരവിപ്പിച്ചതിനാല്‍ അവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

ആധാര്‍ ലഭ്യമല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റം തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം, സ്വന്തം പൗരന്മാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ്, അസം സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനത്തെ ഒരു ‘ബനാന റിപ്പബ്‌ളിക് ആക്കി മാറ്റുകയാണെന്ന് വിമര്‍ശിച്ചിരുന്നു. എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച് ആധാര്‍ നല്‍കാനുള്ള മുന്‍ തീരുമാനത്തെയും കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. പുതിയ നിയന്ത്രണം കൂടി വന്നതോടെ, സര്‍ക്കാര്‍ ഒരു വിഭാഗം ജനതയെയും അവരുടെ വോട്ടിനേയും ലക്ഷ്യം വെക്കുകയാണെന്ന ആശങ്ക ബലപ്പെടുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കുറ്റപ്പെടുത്തി .