കാലാവസ്ഥാ മാറ്റത്തിലെ യുഎന്‍ റിപ്പോർട്ട് സർക്കാർ ഗൗരവത്തിലെടുക്കണം : വി.ഡി സതീശന്‍

Jaihind Webdesk
Tuesday, August 10, 2021

 

തിരുവനന്തപുരം : കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട യുഎന്‍ പുറത്തുവിട്ട റിപ്പോർട്ട് സർക്കാർ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിനും ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കുന്നതാണ് ഇന്‍റര്‍ ഗവണ്‍മെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് 2021 ലെ റിപ്പോർട്ട്. കൃഷിയും മത്സ്യബന്ധനവും തൊഴിൽ മേഖലകളാക്കിയവർ മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവർ റിപ്പോർട്ട് മനസിലാക്കേണ്ടതുണ്ട്. സർക്കാർ ഇക്കാര്യം കണക്കിലെടുത്തേ മതിയാകൂ. മഴ വരുമ്പോൾ ക്യാമ്പുകൾ തുറന്നും കടലിൽ കല്ലിട്ടും പുഴ കയ്യേറിയും തോന്നുംപടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും അശാസ്ത്രീയവും പരിസ്ഥിതി വിനാശകരവും ആയി ഇനി മുന്നോട്ട് പോകാനാവില്ലെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കാലാവസ്ഥാമാറ്റം: കേരളത്തിനും ഇന്ത്യക്കും മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷൻസ് റിപ്പോർട്ട്.
ഇൻ്റെർ ഗവർമെൻ്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച് 2021 ലെ റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. കൃഷിയും മത്സ്യബന്ധനവും തൊഴിൽ മേഖലകളാക്കിയവർ മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എല്ലാം ശ്രദ്ധയോടെ വായിച്ചു പഠിക്കേണ്ടതാണ് ഈ റിപ്പോർട്ട്. തിരക്കുകൾക്കിടയിൽ ആദ്യ വായന അൽപം ഓട്ടപ്രദക്ഷിണമായി. എങ്കിലും പ്രധാന ചില പോയിൻ്റുകൾ പങ്കുവെക്കട്ടെ.
കാലാവസ്ഥ മുൻപ് ഒരിക്കലും ഇല്ലാത്ത പോലെ മാറുകയാണ് വരും വർഷങ്ങളിലും ഇത് തുടരുമെന്ന് റിപ്പോർട്ട് പറയുന്നു. ഏഷ്യയെ, ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് 195 ഗവർമെൻ്റുകളുടെ പ്രതിനിധികളുടെ കണ്ടെത്തലുകൾ.

1. മൺസൂണിൻ്റെ സ്വഭാവം മാറുകയാണ്. മഴ വരുന്ന തീയതി മുതൽ തീവ്രത വരെ എല്ലാം മാറി, വരുന്ന 30 വർഷം ഈ മാറ്റങ്ങൾ കൂടുതൽ അനുഭവവേദ്യമാകും.

2. സമുദ്ര ഉപരിതല ഊഷ്മാവ്‌ ഉയരുകയാണ്. ഇത് ചുഴലിക്കാറ്റുകൾ അതിതീവ്ര മഴ എന്നിവക്ക് കാരണമാകും.

3. കടൽനിരപ്പ് ഓരോ വർഷവും ഉയരും. മുൻ കാലങ്ങളിലിത് 100 വർഷത്തിലൊരിക്കൽ എന്ന രീതിയിൽ മാത്രം വ്യക്തമാകുന്നതായിരുന്നു. കടൽകയറ്റം, തീരശോഷണം ഇവ കൂടുതൽ ശക്തവും സങ്കീർണവും ആകും. കേരളം കരുതിയിരുന്നേ മതിയാകൂ.

4. ചൂട് കൂടും, വരൾച്ചാ മാസങ്ങളും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ചൂട് അസഹ്യമാകും. മാത്രമല്ല ഉത്തരേന്ത്യയിൽ താപതരംഗങ്ങൾ ഹിമാലയത്തിലെ മഞ്ഞുരുകിയുള്ള പ്രളയങ്ങൾ ഇവ വർധിക്കും.

5. കാലാവസ്ഥ മാറുംതോറും അത് കരയിലെയും കടലിലെയും ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കും. ഫലമോ, കൃഷി മുതൽ മത്സ്യസമ്പത്ത് വരെ അപകടാവസ്ഥയിലാകും.

6. കാർബൺ വാതകങ്ങൾ കുറക്കാതെയും അനിയന്ത്രിതവും പ്രകൃതിനാശത്തിന് വഴിവെക്കുന്നതുമായ വികസന പദ്ധതികൾ ഉപേക്ഷിക്കാതെയും മറ്റ് വഴിയില്ല. റോഡ് വികസനം മുതൽ കൃഷി സീസൺ വരെ എന്തും തീരുമാനിക്കും മുൻപ് കാലാവസ്ഥാമാറ്റം കണക്കിലെടുക്കണം.

നാലായിരം പേജോളം വലിപ്പമുള്ള ബൃഹത്തായ ഈ റിപ്പോർട്ട് സർക്കാർ കണക്കിലെടുത്തേ മതിയാകൂ.
പരിസ്ഥിതി, വനം, ആസൂത്രണം, ജലവിഭവം, വൈദ്യുതി, ഫിഷറീസ്, ദുരന്തനിവരണം, കാലാവസ്ഥാ വ്യതിയാനം, കൃഷി, നഗര വികസനം, പൊതുമരാമത്ത്, റവന്യൂ, ശാസ്ത്രസാങ്കേതികം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ഏകോപന സമിതി ഈ റിപ്പോർട്ട് പരിഗണിക്കണം. കൂടാതെ നിയമസഭാ പരിസ്ഥിതി സമിതിയും ഇത് കണക്കിലെടുക്കണം. ഈ റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന അതീവ പ്രാധാന്യമുള്ള കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാവണം ഭാവി കേരളത്തിനായുള്ള ഏത് പ്രവർത്തനവും പദ്ധതിയും.
അല്ലാതെ മഴ വരുമ്പോൾ ക്യാമ്പുകൾ തുറന്നും കടലിൽ കല്ലിട്ടും പുഴ കൈയ്യേറിയും തോന്നുംപടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും അശാസ്ത്രീയവും പരിസ്ഥിതി വിനാശകരവും ആയി നമുക്കിനി മുന്നോട്ട് പോകാനാവില്ല. നമ്മൾ ശാസ്ത്ര, പരിസ്ഥിതി ബോധമുള്ള ഒരു ജനതയായേ മതിയാവൂ. ഇതി ഒരു ചുവടും പിഴക്കാതെയാവണം കേരളം കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടത്, പ്രതിരോധം തീർക്കേണ്ടത്.