ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 20, 2018

Ramesh-Chennithala-45

സന്നിധാനത്തെ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ല. ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അയ്യപ്പഭക്തരെ വിരിവെക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവെക്കാനോ വലിയകാണിക്ക ഇടാനോ ഒന്നും സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നത് ന്യായീകരിക്കാനാവില്ല. നിരോധനാജ്ഞ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

വാവര് നടയില്‍ പ്രവേശനം അനുവദിക്കാത്തത് നീതിയുക്തമല്ല. സര്‍ക്കാരിനെതിരായ സമരമല്ല തങ്ങള്‍ നടത്തുന്നത്. ഭക്തജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്തേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.