വയനാട്ടിലെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം: യു.ഡി.എഫ്

വയനാട്ടിലെ കാര്‍ഷികമേഖലയിലെ അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, ഉല്പാദനക്കുറവ്, ഉല്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവ കാരണം കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യാമുനമ്പിലാണ്. കാര്‍ഷികപ്രതിസന്ധി തുടരുന്ന സാഹചര്യത്തിലായിരുന്നു രണ്ട് തവണ ജില്ലയില്‍ പ്രളയം മൂലം കെടുതികളുണ്ടായത്. ഇതോടെ ജില്ലയിലെ കാര്‍ഷികമേഖല സമ്പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇതിന് പുറമെ വന്യമൃഗശല്യത്താലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാര്‍ഷികമേഖലക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.

വയനാട് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് രാത്രിയാത്രാ നിരോധനം. നിരോധനം പകല്‍സമയത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം വന്ന സാഹചര്യത്തില്‍ മലബാറിന്‍റെ വികസനം തന്നെ ചോദ്യചിഹ്നമായി മാറുന്ന സാഹചര്യമാണുള്ളത്. ഈ വിഷയത്തില്‍ എം.പിയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ അഭിഭാഷകരെ വെച്ച് കേസ് നടത്തുവാനും തീരുമാനിച്ചു. പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ ബന്ധുവീടുകളിലും, വാടകവീടുകളും താമസിക്കുന്നവരുടെ കാര്യത്തില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം. കഴിഞ്ഞ പ്രളയത്തിന്‍റെ നഷ്ടപരിഹാരവിതരണം വരെ ഇനിയും പൂര്‍ത്തിയായിട്ടില്ല.

അതിഭീകരമായ ദുരന്തം നേരിട്ട മേപ്പാടി പഞ്ചായത്തിലെ പുത്തുമല, അട്ടമല, ഏലമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും ദുരിതത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും മോചിതരായിട്ടില്ല. ഈ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപനം പാഴ്‌വാക്കുകളാവാതെ എത്രയയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.സി റോസക്കുട്ടിടീച്ചര്‍, പി.കെ ജയലക്ഷ്മി, കെ.കെ അഹമ്മദ്ഹാജി, സി.പി വര്‍ഗീസ്, പി.പി ആലി, ടി മുഹമ്മദ്, കെ.കെ അബ്രഹാം, കെ.കെ വിശ്വനാഥന്‍മാസ്റ്റര്‍, എന്‍.കെ വര്‍ഗീസ്, ഗോപിനാഥന്‍മാസ്റ്റര്‍, പി.കെ അസ്മത്ത്, പടയന്‍ മുഹമ്മദ്, സി അബ്ദുള്‍ അഷ്‌റഫ്, റസാഖ് കല്‍പ്പറ്റ, എന്‍.കെ റഷീദ്, വി.എ മജീദ്, ജോസഫ്, കെ.വി പോക്കര്‍ഹാജി, ടി.ജെ ഐസക്, എം.സി സെബാസ്റ്റ്യന്‍, അഡ്വ. ജവഹര്‍, ഭൂപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

rahul gandhiudf meetingfarmers issue
Comments (0)
Add Comment