കടൽ ഭിത്തി നിർമ്മാണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണം ; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Monday, May 24, 2021

തിരുവനന്തപുരം : ചെല്ലാനം, കണ്ണമാലി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിയമസഭയിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.എൽ.എമാരോടൊപ്പം മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് പ്രതിപക്ഷ നേതാവ് കത്തു നൽകിയത്.

പ്രതിപക്ഷ നേതാവായുള്ള പ്രഖ്യാപനത്തിന് ശേഷം ചെല്ലാനത്തെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് വി.ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. കാലാകാലങ്ങളായി പ്രഖ്യാപനങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും കടൽ പ്രക്ഷുബ്ധമാവുമ്പോഴെല്ലാം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജനങ്ങളുടെ ദുരിതം വർധിക്കുകയാണ്.

ജിയോ ട്യൂബ് നിർമ്മാണം ഒരു പരാജയമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. കൊച്ചി തീരത്ത് തന്നെയുള്ള ഐഎൻഎസ് ദ്രോണാചാര്യ സ്ഥിതി ചെയ്യുന്നിടത്തു ഫലപ്രദമായി കടലാക്രമണം തടയുന്നുണ്ട്. ഇത് മാതൃകയാക്കണം. വേണമെങ്കിൽ ടെട്രാപോഡ് രീതി ഉപയോഗിക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ തീരപ്രദേശങ്ങളെയും ആശങ്കയിലാക്കുന്ന ഈ വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.