ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ല; മണിപ്പൂരില്‍ സമാധാനം പുഃനസ്ഥാപിക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണം: കർദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി

Jaihind Webdesk
Tuesday, May 9, 2023

മണിപ്പൂർ കലാപം അവസാനിപ്പിക്കാന്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി. സംസ്ഥാനത്ത് സമാധാനവും ഐക്യവും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മണിപ്പൂർ സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും തകർത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

“മണിപ്പൂർ സംസ്ഥാനത്ത് നിന്നുള്ള ഹൃദയഭേദകമായ വാർത്തയില്‍ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. സംസ്ഥാനത്തെ നശിപ്പിച്ച വംശീയ സംഘർഷത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ നല്ല മനസ്സുള്ള എല്ലാ ആളുകളോടും ഒപ്പം ഞാനും പങ്കുചേരുന്നു. മരിച്ചവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കും പരിക്കേറ്റവർ വേഗം സുഖപ്പെടാനും ഞാൻ പ്രാർത്ഥിക്കുന്നു. സംസ്ഥാനത്ത് സമാധാനവും ഐക്യവും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മണിപ്പൂർ സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. അക്രമത്തിനിടെ നിരവധി ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും തകർത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള വംശീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന അതോറിറ്റി ഉറപ്പാക്കണം” –  മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ ജോർജ് ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.