അനുവിന്‍റെ ആത്മഹത്യ; സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്‍റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവോണനാളില്‍ നടന്ന ഉപവാസ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്‍റേയും പേരില്‍ ഐ.പി.സി 309 പ്രകാരം പ്രേരണാകുറ്റത്തിന് കേസെടുക്കണം. ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുവര്‍ക്കും ഒഴിഞ്ഞ് മാറാനാകില്ല. പി.എസ്.സിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും യുവാക്കളോട് ക്രൂരതയാണ് കാട്ടുന്നത്. ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാല്‍ നിയമന വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിലപാടാണ് പി.എസ്.സിക്കുള്ളത്. യുവതീ യുവാക്കളുടെ നെഞ്ചില്‍ ചവിട്ടി നിന്നുള്ള പ്രസ്താവനകളാണ് ചെയര്‍മാന്‍ നടത്തുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്നു. നിരുത്തരവാദപരമായ പെരുമാറ്റമാണ് പി.എസ്.സി ചെയര്‍മാന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടാകുന്നത്. ഇതിനെ തിരുത്തുന്നതിന് പകരം മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാനെ ന്യായീകരിക്കുകയാണ്.

സി.പി.എമ്മിന്‍റെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പുറംവാതില്‍ വഴി നിയമനം നല്‍കുന്നു.സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതി വെറും തട്ടിപ്പാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ നാടമുറിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment