‘സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം’; കണ്ണൂരിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, August 4, 2022

കണ്ണൂരിലെ മലയോര മേഖലയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾ പൊട്ടൽ സംബന്ധിച്ച് സർക്കാർ ശാസ്ത്രീയമായ പഠനം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഭൂമി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഹരിക്കണം. റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്നും ദുരിതബാധിതർക്കായി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ പ്രദേശങ്ങളും മരിച്ചവരുടെ ബന്ധുക്കളെയും കെപിസിസി പ്രസിഡന്‍റ് സന്ദർശിച്ചു.

കണ്ണൂർ പൂളക്കുറ്റിയിൽ ഉരുൾപൊട്ടലിൽ മരിച്ച ചന്ദ്രന്‍റെ ബന്ധുക്കളെയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ആദ്യം സന്ദർശിച്ചത്. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉരുൾപൊട്ടലുണ്ടായ കോളയാട് ചെക്യേരി കോളനി കെപിസിസി പ്രസിഡന്‍റ് സന്ദർശിച്ചു. അവിടത്തെ താമസക്കാരുമായി സംസാരിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ കോളയാട് ചെക്യേരി കോളനിയിലെ കുടുംബങ്ങളെ പാർപ്പിച്ച പെരുന്തോട് വേക്കളം എയുപി സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച പൂളക്കുറ്റി യുപി സ്കൂളിലെ ക്യാമ്പിലും സന്ദർശനം നടത്തി.

കെപിസിസി പ്രസിഡന്‍റ് കണ്ണൂർ പൂളക്കുറ്റിയിൽ ഉരുൾപൊട്ടലിൽ മരിച്ച ചന്ദ്രന്‍റെ വീട് സന്ദർശിക്കുന്നു

ഉരുൾ പൊട്ടലിനെ തുടർന്ന് രണ്ടര വയസുകാരി നുമ തസ്ലിന്‍റെ ജീവഹാനിക്കിടയായ പ്രദേശവും കുടുംബക്ഷേമ കേന്ദ്രവും സന്ദർശിച്ചു. നുമ തസ്ലീമിന്‍റെ ബന്ധുക്കളെയും പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ രാജേഷിന്‍റെ ബന്ധുക്കളെയും കെപിസിസി പ്രസിഡന്‍റ് ആശ്വസിപ്പിച്ചു. മലവെള്ളപാച്ചിലിൽ തകർന്ന തൊണ്ടിയിൽ മരിയ ഭവൻ കെപിസിസി പ്രസിഡന്‍റും സംഘവും സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തി. എംഎൽഎമാരായ അഡ്വ. സണ്ണി ജോസഫ്, സജീവ് ജോസഫ് വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരും, കോൺഗ്രസ് നേതാക്കളും കെപിസിസി പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു.

പൂളകുറ്റി സെന്‍റ് മേരീസ് ചർച്ച് പാരിഷ് ഹാളിലെ ക്യാമ്പിലും കെപിസിസി പ്രസിഡന്‍റ് സന്ദർശനം നടത്തി. പൂളക്കുറ്റി പാരിഷ് ഹാളിൽ നടന്ന അവലോകന യോഗത്തിലും കെപിസിസി പ്രസിഡന്‍റ് പങ്കെടുത്തു. ഉരുൾപൊട്ടലിൽ 255 ഏക്കർ കൃഷി ഭൂമി നഷ്ടപ്പെട്ടതായും ഉരുൾ പൊട്ടൽ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം വേണമെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. പ്രത്യേക ദുരന്തം ആയി കണ്ട് പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മലവെള്ളപാച്ചലിൽ കൃഷി നശിച്ച ഇടങ്ങളിലും കെ സുധാകരന്‍ എംപി സന്ദർശനം നടത്തി. കർഷകരുമായും അദ്ദേഹം സംസാരിച്ചു.