പൊഴി മുറിക്കുമെന്ന് സര്‍ക്കാര്‍; ഡ്രെഡ്ജിങ്ങ് കഴിഞ്ഞിട്ടു മതിയെന്ന് നാട്ടുകാര്‍; മുതലപ്പൊഴിയില്‍ സംഘര്‍ഷ സാദ്ധ്യത

Jaihind News Bureau
Thursday, April 17, 2025

തിരുവനന്തപുരം മുതലപ്പൊഴിയില്‍ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. അഴിമുഖത്ത് ഡ്രെഡ്ജിങ് കാര്യക്ഷമാകാതെ പൊഴി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. പ്രശ്‌ന പരിഹാരം ഉണ്ടായിലെങ്കില്‍ ദേശീയപാതാ ഉപരോധം അടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും അവര്‍ വ്യക്തമാക്കി.
പൊഴി മുറിക്കാന്‍ വന്നാല്‍ ശക്തമായി നേരിടുമെന്നും വെടിയേറ്റ് മരിക്കാനും തങ്ങള്‍ തയാറാണെന്നും സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങളെ തോല്‍പ്പിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്നും താത്ക്കാലിക പ്രശ്ന പരിഹാരം അംഗീകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.

മുതലപ്പൊഴിയിലെ പ്രശ്നത്തിന് താത്ക്കാലിക പരിഹാരമെന്ന നിലയ്ക്കാണ് നാളെ പൊഴി മുറിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. പൊഴി മുറിക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കും പൊഴി മുറിക്കുക. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

ദുരന്തനിവാരണ നിയമപ്രകാരം ആയിരിക്കും പൊഴി മുറിക്കുകയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്. മണല്‍ നീക്കത്തിന് കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ കൊണ്ടുവരും. മുതലപ്പൊഴിയില്‍ പൊഴി മുറിച്ചില്ലെങ്കില്‍ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തില്‍ ആകും.

ഇത് മുന്നില്‍ക്കണ്ടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞിരുന്നു. കൊല്ലം ഹാര്‍ബറുകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് പോകാന്‍ താല്പര്യമുണ്ടെങ്കില്‍ അതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചയില്‍ സംതൃപ്തര്‍ അല്ലെന്ന് സംയുക്ത സമരസമിതി പ്രതികരിച്ചിരുന്നു. അടുത്തമാസം 16 നകം മണല്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ന്യൂനപക്ഷ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പുലിമുട്ടിന്റെ നീളം വര്‍ധിപ്പിക്കുന്ന കരാറില്‍ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.