സര്‍ക്കാര്‍ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചോടാപം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, August 9, 2020

Mullapaplly-Ramachandran

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രഖ്യാപനം വെറും വാചോടാപമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ നിരവധി മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞത്.

2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ പലര്‍ക്കും ലഭ്യമായിട്ടില്ല. 2019ലെ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിനെ വീണ്ടെടുക്കാന്‍ തയ്യാറാക്കിയ ‘റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതി’ജലരേഖയായി. കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ കുട്ടികളും പ്രായമായവരുള്‍പ്പെടെ 31 കുടുംബങ്ങളായി 76 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോഴും കഴിയുന്നത്. ഇവരുടെ പ്രയാസങ്ങള്‍ക്കും കണ്ണീരിനും പരിഹാരം കാണാത്ത സര്‍ക്കാരാണ് മറ്റൊരു ദുരന്തം അഭിമുഖീകരിക്കുമ്പോള്‍ ധനസഹായ വാഗ്ദാനവുമായി വരുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്.കേരളം പ്രതിസന്ധിയിലായപ്പോഴെല്ലാം സുമനസുകളായ മലയാളികള്‍ കൈയയ്യച്ചാണ് സര്‍ക്കാരിനെ സഹായിച്ചത്. പ്രളയത്തില്‍ ലോകത്ത് എല്ലായിടത്ത് നിന്നും ശേഖരിച്ച പണത്തിന്റെ കണക്കുപോലും ഇതുവരെ കേരള ജനതയെ അറിയിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടില്ല. പലയിടത്തും സി.പി.എമ്മുകാര്‍ പ്രളയഫണ്ട് മോഷണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ നേരിടുകയാണ്.

ദുരിതാശ്വാസ വിതരണത്തില്‍ മുഖ്യമന്ത്രി വിവേചനം കാട്ടി. പെട്ടിമുടി ദുന്തത്തില്‍ മരിച്ചവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം തീരെ ചെറുതാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിവേല ചെയ്യുന്ന പട്ടിണി പാവങ്ങളാണ് അവിടെ മരണപ്പെട്ടത്.അതുകൊണ്ട് തന്നെ അവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.