ഇടുക്കി: കുമളിക്കടുത്തുള്ള സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിന്‍റെ ചികിത്സാ ചെലവിനുള്ള തുക ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ അനുവദിച്ചിട്ടില്ല. തുക അനുവദിക്കാത്തതിനാല്‍ ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് കുടുംബം.
കാട്ടുപോത്ത് ആക്രമിച്ചത്തില്‍ പരുക്കേറ്റതിനെ തുടർന്നാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീരുമേട് എംഎൽഎയാണ് രാജീവിന്‍റെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്. വനംമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് എംഎല്‍എ കുടുംബത്തിന് ഉറപ്പ് നല്‍കിയത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും പരുക്കേറ്റിരുന്നു രാജീവിന്. ഇതിനായി എട്ടു ലക്ഷത്തിലധികമായി രാജീവിന്‍റെ ചികിത്സ ചെലവ്. എന്നാൽ വനംവകുപ്പ് അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ബാക്കി തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയും വേണം. ഇതിനുള്ള നടപടികൾ ഒരു മാസം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുകയാണ്.
ചികിത്സാ ചെലവിനായുള്ള പണം സർക്കാർ അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പ് നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പോലും നടപ്പായിട്ടില്ല. അതിനാൽ പണമടക്കാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.