കൊവിഡ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിക്കാന്‍ ആലോചന; ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലുള്‍പ്പെടെ ഇന്ന് തീരുമാനം

Jaihind Webdesk
Saturday, September 18, 2021

കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിക്കാൻ സർക്കാർ ആലോചന. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്നുചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.

കൊവിഡ് വ്യാപനം ഉയരുകയും വാക്സിനേഷൻ അവതാളത്തിലും ആയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ സർക്കാർ ആലോചിക്കുന്നത്. ഇതു വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേരുന്ന അവലോകന യോഗത്തിലാവും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുക.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്ന ആവശ്യം പരിഗണിക്കും. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകൾ തുറക്കുന്നകാര്യത്തിലും തീരുമാനം എടുക്കും. കോളേജ് തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായെങ്കിലും പ്ലസ് വൺ പരീക്ഷയിലെ സുപ്രീം കോടതി വിധിയിക്ക് പിന്നാലെ സ്കൂൾ തുറക്കലിൽ അന്തിമതീരുമാനവും ഇന്നുണ്ടായേക്കും. അതേ സമയം തിയേറ്ററുകൾ തുറക്കാന്‍ ഉടനെ അനുമതി ഉണ്ടാകില്ല. ഇന്നുമുതൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും പ്രവർത്തിക്കും. ജീവനക്കാർക്ക് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നി‍ർബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല.

അതേസമയം ടിപിആർ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ആരോഗ്യ രംഗത്ത് ആശങ്കയുണ്ട്. കൊവിഡ് പ്രതിരോധം പാളിയെന്ന വിമർശനം ഉയരുന്നതിനിടെയാണ് സർക്കാർ കൂടുതല്‍ ഇളവുകള്‍ക്ക് ആലോചിക്കുന്നത്.