വികസന വാദത്തിന് തിരിച്ചടി; ഭരണത്തലവന്‍ തന്നെ പ്രതിക്കൂട്ടില്‍; ഇ.ഡി. നടപടിയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

Jaihind News Bureau
Monday, December 1, 2025

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടിസ് അയച്ചതോടെ കനത്ത തിരിച്ചടിയാണ് സിപിഎമ്മും സര്‍ക്കാരും നേരിടുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ക്കും ഇ.ഡി. നോട്ടിസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്, മുഖ്യമന്ത്രിക്ക് നേരിട്ട് ഇ.ഡി.യുടെ നോട്ടിസ് ലഭിച്ചത് സംസ്ഥാന സര്‍ക്കാരിനും ഭരണകക്ഷിയായ സി.പി.എമ്മിനും വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.

മസാല ബോണ്ട് വിഷയവും ഫെമ ചട്ടലംഘനവും പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കും. കിഫ്ബി വഴി സംസ്ഥാനം വികസനം കൈവരിച്ചു എന്ന എല്‍.ഡി.എഫ്. വാദത്തെ തകര്‍ക്കാന്‍ ഈ കേസ് ഉപയോഗിക്കപ്പെടും. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്നും, ഇ.ഡി.യുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഭാഗമായി മാറ്റിക്കൊണ്ടാകും സര്‍ക്കാര്‍ ആഞ്ഞടിക്കുക. അപ്പോഴും മറുപടി പറയാതെ മൗനത്തിലായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍.