ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നു. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഉടന്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരെ പദവിയില്‍ നിന്ന് നീക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ലുകള്‍. കിരാത നിയമമെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചു.
ബില്ലിന്റെ വിശദാംശങ്ങള്‍
ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (ഭേദഗതി) ബില്‍ 2025, ഭരണഘടനാ (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025, ജമ്മു കശ്മീര്‍ പുനഃസംഘടനാ (ഭേദഗതി) ബില്‍ 2025 എന്നിവയാണ് കേന്ദ്രം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാനുള്ള പ്രമേയം ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും.
ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നീക്കം ചെയ്യാന്‍ നിലവില്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (ഭേദഗതി) ബില്ലിന്റെ ലക്ഷ്യങ്ങളില്‍ പറയുന്നു.
ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന മൂന്ന് പുതിയ ബില്ലുകള്‍ക്കെതിരെയാണ് പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് ബിജെപി ഈ നിയമം കൊണ്ടുവരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഈ നിയമം ഉപയോഗിച്ച് അവരെ പുറത്താക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രമാണ് ഈ ബില്ലുകളെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ‘ആദ്യം സിഎസ്ഡിഎസ്-ബിജെപി ഐടി സെല്‍ നാടകം, ഇപ്പോള്‍ ഈ ബില്ലുകള്‍. ബിഹാറില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നത് വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സാഗരിക ഘോഷും മഹുവ മൊയ്ത്രയും കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ഇത് നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനമാണെന്ന് സാഗരിക ഘോഷ് പറഞ്ഞു. ‘കുറ്റപത്രം സമര്‍പ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാതെ തന്നെ ഏതൊരു മുഖ്യമന്ത്രിയെയും നീക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദശാബ്ദത്തിലെന്നപോലെ, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യാന്‍ ഇത് വാതില്‍ തുറന്നുകൊടുക്കും,’ അവര്‍ എക്‌സില്‍ കുറിച്ചു.
ഇഡിയെയും സിബിഐയെയും പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് വ്യാജ കേസുകളില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യാനും കോടതിയുടെ അനുമതിയില്ലാതെ അവരെ പുറത്താക്കാനും ഇത് സര്‍ക്കാരിന് അവസരം നല്‍കുമെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.