പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി  തമിഴ്‌നാട് സർക്കാർ

Jaihind Webdesk
Wednesday, September 8, 2021

 

ചെന്നൈ : കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി  തമിഴ്‌നാട് സർക്കാർ. രാജ്യത്തെ മതസൗഹാർദം തകര്‍ക്കുന്നതും ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര തത്വങ്ങള്‍ക്കു വിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

‘എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളുമെല്ലാം കണക്കിലെടുത്തുവേണം ഒരു രാജ്യത്തിന്‍റെ ഭരണം നടക്കേണ്ടതെന്നത് ജനാധിപത്യ തത്വമാണ്. എന്നാൽ അഭയാർത്ഥികളുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് അവരെ അനുഭാവപൂർവം സ്വീകരിക്കുന്ന വിധത്തിലല്ല പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നതെന്നത് വളരെ വ്യക്തമാണ്. മതത്തിന്‍റെയും ജന്മനാടിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്’ – സ്റ്റാലിൻ പറഞ്ഞു.

2019 ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം 2021 ജനുവരി 10 മുതലാണ് പ്രാബല്യത്തിൽ വന്നത്. സിഎഎയുടെ  തുടർനടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സ്റ്റാലിൻ സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയത്. നേരത്തെ കേരളം, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും സിഎഎക്കെതിരെ  പ്രമേയം പാസാക്കിയിരുന്നു. സിഎഎ വിരുദ്ധ പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികളായ എഐഎഡിഎംകെ, ബിജെപി അംഗങ്ങൾ വാക്കൗട്ട് നടത്തി.