തിരുവനന്തപുരം : സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരെ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച പ്രസ്ഥാനം കോണ്‍ഗ്രസാണ്. സൗജന്യ വിദ്യാഭ്യാസം അവകാശമാക്കിയതും കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കി അങ്കണവാടി സങ്കല്‍പ്പം മുന്നോട്ട് കൊണ്ടുപോയതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. സോണിയാ ഗാന്ധിയുടേയും ഡോ. മന്മോഹന് സിംഗിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരാണ് 2005 ല്‍ ബാലാവകാശ നിയമം പാസാക്കിയത്. അതേ മാതൃക പിന്തുടര്ന്നാണ് സംസ്ഥാനങ്ങളിലും ബാലാവകാശ കമ്മീഷന് നിലവില്‍ വന്നത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് ബാലാവകാശ കമ്മീഷന്റെ പ്രാധാന്യം വളരെ വലുതാണ്. അതിന്റെ ചെയര്മാന് പദവിയിലേക്കാണ് മുന്‍പരിചയം ഇല്ലാത്ത സി.പി.എം അനുഭാവിയെ കേരള സര്‍ക്കാര്‍ നിയമിച്ചത്.
യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്മാരെ വരെ ഒഴിവാക്കിയാണ് സി.പി.എം അനുഭാവിയെ ബാലാവകാശ കമ്മീഷന് ചെയര്‍മാനായി കേരള സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും പ്രിയങ്കരനാണ് എന്നതാണ് പുതിയ ചെയര്‍മാന്റെ ഏക യോഗ്യത.ഇത് അധാര്‍മികതയാണ്. ഇഷ്ടക്കാരെ നിയമിക്കാനുള്ളതല്ല ബാലാവകാശ കമ്മീഷന് ചെയര്മാന് പദവി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്. അനധികൃതമായി നടത്തിയ ബാലാവകാശ കമ്മീഷന് ചെയര്മാന് നിയമനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. ഇടതു സര്‍ക്കാരിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. ജനം ബാലറ്റിലൂടെ പ്രതിഷേധിക്കാന്‍ തയാറായി നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.