മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥ; ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാർച്ച് നടത്തി

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാക്കി ലത്തീൻ കത്തോലിക്ക അതിരൂപത. വാഗ്ദാന ലംഘനങ്ങളിലൂടെ സർക്കാർ മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്നു എന്ന് ആരോപിച്ച് കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്‍റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് ശവമഞ്ചമേന്തി മാർച്ച് സംഘടിപ്പിച്ചു. നിയമസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിന്‍ പെരേര ആവശ്യപ്പെട്ടു.

ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുതലപ്പൊഴിയോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെയാണ് ലത്തീൻ കത്തോലിക്കാ അതിരൂപത പ്രതിഷേധവുമായി രംഗത്തെത്തിയത്.  മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ നിയമസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ലത്തീൻ അതിരൂപത വികാരി ജനറൽ
യൂജിന്‍ പെരേര ആവശ്യപ്പെട്ടു. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുതലപ്പൊഴി ദുരന്തത്തിൽ മരിച്ചവർക്കും വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്കും അദാനി ഗ്രൂപ്പിൽ നിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ ഇന്ന് പുലർച്ചെയും ഒരു ജീവൻ പൊലിഞ്ഞു. ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞാണ് മത്സ്യതൊഴിലാളി മരിച്ചത്. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വിക്ടറിനൊപ്പും ഉണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി മേഖലയിൽ ട്രജ്ജിംഗ്‌ നടത്താത്തതുമാണ് മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നത്.